Friday, January 4, 2008

ചന്തൂട്ടനു പല്ലു വരുന്നില്ലല്ലോ ദൈവമേ!

അമ്മ ഇന്നും എന്റെ വായയില്‍ വിരലുകളിട്ടു തപ്പി നോക്കി... പല്ലു വരുന്നുണ്ടോന്ന്.

ഇന്നലെ അമ്മ എന്റെ വിശപ്പു മാറ്റുമ്പോള്‍ ഞാനൊരു കടി കൊടുത്തിരുന്നു. അമ്മേടെ കണ്ണില്‍ നിന്നും വെള്ളം വന്നു.
അച്ഛനും അമ്മയും എന്നോടെന്തൊക്കെയോ പറഞ്ഞു... ഞാന്‍ ചിരിച്ചു.

അപ്പൊ അമ്മമ്മ പറയ്യാ, എനിക്കു പല്ലു വരാന്‍ പോണുണ്ട്‌..അതോണ്ടാ ഞാനിങ്ങനെ കടിക്കുന്നേന്ന്..
എനിക്കു പിന്നെയും ചിരി വന്നു.

അതിന്റിടയ്ക്ക് അച്ഛന്‍ പറഞ്ഞു. “പല്ലില്ലാത്തപ്പൊ ഇങ്ങനെ, അപ്പൊ പല്ലു വന്നാ എന്തായിരിക്കും സ്ഥിതി?”

പല്ലൊന്നിങ്ങൊട്ടു വന്നൊട്ടെയച്ഛാ.. അപ്പൊ കാണിച്ചുതരാം.
എപ്പഴാ ദൈവങ്ങളേ ഇനി പല്ലു വരുന്നെ?

കുഞ്ഞോളുടെ മോള്‍ക്കു പല്ലു വന്നൂന്ന് അമ്മ പറേണ കേട്ടു.
എന്റെ ഇളയതാണ് പോലും അവള്‍.കുഞ്ഞോളാരാന്ന് എനിക്കറീലാട്ടൊ.

അപ്പൊ ആരോ പറയ്യ..പല്ലു വരാന്‍ വൈകുന്ന കുട്ട്യോള്‍ വേഗം നടക്കാന്‍ തുടങ്ങൂന്ന്...പുളു.. പുളു.. ബൂലോക പുളു.
അല്ലേലും എനിക്കു നടക്കണ്ട, പല്ലു വന്നാ മതി.

ചന്തൂട്ടനു പല്ലു വരുന്നില്ലല്ലൊ ദൈവമേ! ചേട്ടന്മാരെ ചേച്ചിമാരെ ഒന്നു പ്രാര്‍ത്ഥിക്ക്വോ ചന്തൂട്ടനു വേണ്ടി..പ്ലീസ്.

10 comments:

അച്ചു said...

ഇനി പല്ലുവരാന്‍ ചാന്‍സ് ഇല്ല....:)

ദിലീപ് വിശ്വനാഥ് said...

പല്ലു വരും. കൂട്ടുകാരന്‍ മാമന് നല്ല തല്ലു കൊള്ളാഞ്ഞിട്ടല്ലേ...

ദേവന്‍ said...

ഡോണ്ട് വറി ചന്തൂട്ടാ. മുത്തശ്ശിമാര്‍ പറയുന്നത് കേട്ടിട്ടില്ലേ, മിടുക്കന്‍ വാവമാര്‍ക്ക് പല്ലും ചൊല്ലും താമസിച്ചേ വരൂ എന്ന്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉള്ള പല്ല് ആരും തല്ലിക്കൊഴിക്കതെ നോക്കാ.

സാജന്‍| SAJAN said...

ചന്തൂട്ടാ വിഷമിക്കണ്ടാ പല്ലൊക്കെ സമയത്ത് വരും വരുമ്പോ പെട്ടെന്ന് എല്ലാം കൂടൊരു വരവല്ലേ:)
അച്ചയെം അമ്മയേം ഒന്നും കടിക്കരുത് അവര്‍ പാവമല്ലേ?
പക്ഷേ ചന്തൂ ഇതെങ്ങെനാ എഴുതുന്നത് സെക്രട്ടറിയുണ്ടോ?

വല്യമ്മായി said...

പക്ഷെ എട്ട് മാസമായിട്ടും പല്ല് വന്നില്ലെങ്കില്‍ അമ്മ കാല്‍സ്യം ടാബ്ലറ്റ് കഴിക്കാന്‍ മടി കാണിച്ചിട്ടുണ്ടാകുമെന്നാണ് പച്ചാന ചെറുതായിരിക്കുമ്പോള്‍ ഒരു ആയുര്വേദ പ്രൊഫസര്‍ എന്നോട് പറഞ്ഞത് :)

കണ്ണൂസ്‌ said...

എന്റെ കുഞ്ഞൂന്‌ പതിമൂന്ന് മാസമായിട്ടാണ്‌ ആദ്യത്തെ പല്ല് വന്നത്. ഇതു പോലെ ബേജാറായി ഡോക്റ്ററുടെ അടുത്ത് കൊണ്ടുപോയപ്പോള്‍ കിട്ടിയ മറുപടി ജനിച്ചിട്ട് ഇതു വരെ പല്ലു വരാത്ത ആരെയെങ്കിലും ലോകത്ത് കണ്ടിട്ടുണ്ടോ എന്നായിരുന്നു.

സു | Su said...

ഉം...ചന്തൂട്ടന് അച്ഛനേം അമ്മേം ചേച്ച്യേം ഒക്കെ കടിക്കാനല്ലേ ന്ന്‌ട്ട്? എന്നാലും പ്രാര്‍ത്ഥിക്കാംട്ടോ. പല്ല് വേഗം വരുംന്നേ. :)

Meenakshi said...

ചന്തൂട്ടാ, പല്ലു വൈകിയാലും പാലുകിട്ടുന്നില്ലെ , കുടിച്ച്‌ മത്തടിച്ചു കിടന്നുറങ്ങെണ്റ്റെ കുട്ടാ

ശ്രീ said...

പല്ലൊക്കെ വരേണ്ട സമയത്തു വരും ചന്തൂട്ടാ...
:)