Friday, January 4, 2008

ചന്തൂട്ടനു പല്ലു വരുന്നില്ലല്ലോ ദൈവമേ!

അമ്മ ഇന്നും എന്റെ വായയില്‍ വിരലുകളിട്ടു തപ്പി നോക്കി... പല്ലു വരുന്നുണ്ടോന്ന്.

ഇന്നലെ അമ്മ എന്റെ വിശപ്പു മാറ്റുമ്പോള്‍ ഞാനൊരു കടി കൊടുത്തിരുന്നു. അമ്മേടെ കണ്ണില്‍ നിന്നും വെള്ളം വന്നു.
അച്ഛനും അമ്മയും എന്നോടെന്തൊക്കെയോ പറഞ്ഞു... ഞാന്‍ ചിരിച്ചു.

അപ്പൊ അമ്മമ്മ പറയ്യാ, എനിക്കു പല്ലു വരാന്‍ പോണുണ്ട്‌..അതോണ്ടാ ഞാനിങ്ങനെ കടിക്കുന്നേന്ന്..
എനിക്കു പിന്നെയും ചിരി വന്നു.

അതിന്റിടയ്ക്ക് അച്ഛന്‍ പറഞ്ഞു. “പല്ലില്ലാത്തപ്പൊ ഇങ്ങനെ, അപ്പൊ പല്ലു വന്നാ എന്തായിരിക്കും സ്ഥിതി?”

പല്ലൊന്നിങ്ങൊട്ടു വന്നൊട്ടെയച്ഛാ.. അപ്പൊ കാണിച്ചുതരാം.
എപ്പഴാ ദൈവങ്ങളേ ഇനി പല്ലു വരുന്നെ?

കുഞ്ഞോളുടെ മോള്‍ക്കു പല്ലു വന്നൂന്ന് അമ്മ പറേണ കേട്ടു.
എന്റെ ഇളയതാണ് പോലും അവള്‍.കുഞ്ഞോളാരാന്ന് എനിക്കറീലാട്ടൊ.

അപ്പൊ ആരോ പറയ്യ..പല്ലു വരാന്‍ വൈകുന്ന കുട്ട്യോള്‍ വേഗം നടക്കാന്‍ തുടങ്ങൂന്ന്...പുളു.. പുളു.. ബൂലോക പുളു.
അല്ലേലും എനിക്കു നടക്കണ്ട, പല്ലു വന്നാ മതി.

ചന്തൂട്ടനു പല്ലു വരുന്നില്ലല്ലൊ ദൈവമേ! ചേട്ടന്മാരെ ചേച്ചിമാരെ ഒന്നു പ്രാര്‍ത്ഥിക്ക്വോ ചന്തൂട്ടനു വേണ്ടി..പ്ലീസ്.