Tuesday, July 1, 2008

ചന്തൂട്ടന്റമ്മ ശനിയാഴ്ച വരും !

ഈ ആഴ്ച ചന്തൂട്ടന്റെ അമ്മയും അച്ഛനും ചന്തൂട്ടനെ കാണാന്‍ വരൂല്ലൊ! അതു പറയാന്‍ മറന്നു, ചന്തൂട്ടനിപ്പോ നാട്ടിലാട്ടോ. അമ്മമ്മയുടെയും അച്ഛച്ഛന്റെയും കൂടെ കോഴിക്കോട്ട്.

നിങ്ങളു വിചാരിക്കും വിക്റിതി കളിച്ചതു കൊണ്ടാണ് ചന്തൂട്ടനെ ബാഗ്ലൂരില്‍ നിന്നു നാടു കടത്തിയതെന്നു...എന്നാല്‍ അല്ല...

എന്താന്നറിയൊ?
അവിടെ വന്നു നില്ക്കാന്‍ രണ്ടു അച്ഛച്ഛന്മാറ്ക്കും അമ്മമ്മമാറ്ക്കും തല്ക്കാലം പറ്റില്ല. അതു കൊണ്ടാ.

അമ്മയെ കണ്ടിട്ടു ഇപ്പൊ മൂന്നു ആഴ്ചയാവാറായി...ഇതിനു മുന്പു ഞാന്‍ അമ്മയെ ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല.

അമ്മയ്ക്കു നല്ല വെഷമം ഉണ്ടാകും ... കരയാത്ത ദിവസങ്ങള്‍ ഉണ്ടാവില്ല. അമ്മ ദിവസോം 3-4 തവണ ഫോണ്‍ വിളിക്കും ..ചന്തൂട്ടന്റെ വിശേഷങ്ങള്‍ അറിയാന്‍ ..ഉമ്മ തരാന്‍ ...ചന്തൂട്ടനും കൊടുക്കുമ്ട്ടൊ അമ്മയ്ക്ക് ഉമ്മ.

ഞാന്‍ കാത്തിരിക്ക്യാ ശനിയാഴ്ചയാവാന്‍ ...എനിക്കൊരുപാടു വിശേഷങ്ങള്‍ പറയാനുണ്ടു എന്റമ്മയോട്.

Saturday, May 3, 2008

നാളെ ചന്തൂട്ടന്റെ പിറന്നാള്‍. എല്ലരേയും ക്ഷണിക്കുന്നു!

ചേട്ടന്മാരെ ചേച്ചിമാരെ നാളെ ചന്തൂട്ടന്റെ പിറന്നാളാ... എല്ലരേയും ക്ഷണിക്കുന്നു ....
തീര്‍ച്ചയായും വരണം . ..കേക്ക് ഉണ്ട് ... സ്വീറ്റ്സ് ഉണ്ട് ...പിന്നെ ലഞ്ചും ഉണ്ട് .
നമു‌ക്ക് അടിച്ചു പൊളിക്കാം.
അഡ്രസ്സ് അറിയാല്ലോ ... വൈറ്റ്ഫീല്‍ഡില്‍ എത്തിയിട്ട് അച്ചന്റെ ഫോണില്‍ വിളിച്ചാ മതിട്ടോ ..വഴി കൃത്യമായി പറഞ്ഞു തരാം ..


അപ്പൊ നാളെ കാണാം.
എല്ലാര്‍ക്കും ചന്തൂട്ടന്റെ ചക്കരയുമ്മ.

Friday, April 25, 2008

ചന്തൂട്ടനൊരു അനിയത്തി കൂടി ..

ഇപ്പൊ ചന്തൂട്ടന് ഒരു ചേച്ചിയും ഒരു അനിയനും രണ്ട് അനിയത്തിമാരുമായി.
അനിയത്തി വന്നിട്ടിപ്പോ ഒരു മാസമായിട്ടോ വിശദമായി പരിചയപ്പെടുത്താം എല്ലാരെയും...
ആദ്യം കീത്തുച്ചേച്ചി.. എന്റെ ആന്റിയുടെ (അച്ഛന്റെ പെങ്ങളുടെ) മകള്‍. എന്നോടു ഭയങ്കര വഴക്കാ. എപ്പൊ എപ്പൊ കണ്ടാലും എന്നെ അടിക്കും ..മുഖത്തിനു പിടിച്ചു പുറകിലോട്ടു തള്ളിയിടും ..എനിക്കു പേടിയാ കീത്തുച്ചേച്ചീനെ. ഇപ്പൊ ഉണ്ടായ അനിയത്തില്ലേ ... അത് കീത്തുച്ചേച്ചീന്റെ സ്വന്തം അനിയത്തിയാ...കല്ലൂന്നു വിളിക്കും ..പാവാ കുഞ്ഞു വാവ. പാവത്തിനിപ്പൊ മേലൊക്കെ ചൂടു കുരുവാ...കഷ്ടം!
എനിക്കൊരു അനിയത്തി കൂടിയുണ്ട്...പാറു. അവളെന്റെ 10 ദിവസം ഇളയതാ.. ഒരു കാര്യം കേള്‍ക്കണോ പാറു എന്നെ ചേട്ടാന്നൊന്നും വിളിക്കില്ല... എന്താ വിളിക്ക്യാന്നറിയൊ? വാവേന്നു.. ഞന്‍ പിന്നെ അങ്ങു ക്ഷമിച്ചേക്കും ..കൊച്ചു കുഞ്ഞല്ലേ.
അടുത്തത് എന്റെ അനിയന്‍ ..അഭി. അഭിവാവ പാവാ. എന്നെ അടിക്ക്വൊന്നും ഇല്ല. എന്റെ 3 മാസം ഇളയതാട്ടൊ. അഭീനെ ഞാന്‍ വല്ലപ്പൊഴ്വെ കാണാറുള്ളൂ..പക്ഷെ എന്നെ ഇഷ്ടാ..കണ്ടാല്‍ ചിരിക്കും.
വിഷൂനു നാട്ടിപ്പോയപ്പൊ എല്ലാരെയും കണ്ടു...കുറേ നേരം കളിച്ചു.. ഇനിയെപ്പഴാണാവൊ?
ആഹ് പിന്നെ വെറൊരു കാര്യം ...ചന്തൂട്ടന്റെ പിറന്നാള്‍ അടുത്തു വരുന്നുണ്ടുട്ടൊ ...എല്ലാരെയും ക്ഷണിക്കും വരണമ്ട്ടൊ..
ഉമ്മ!

Friday, February 15, 2008

അങ്ങനെ ചന്തൂട്ടനും പല്ല് വന്നു!

ചേട്ടന്മാരെ ചേച്ചിമാരെ, ചന്തൂട്ടനു പല്ലു വന്നു കേട്ടോ… ഒന്നല്ല.. രണ്ട്.
അതൊരു വരവായിരുന്നു.

ഇപ്പൊ എനിക്ക് അച്ഛനേം, അമ്മയേം, അമ്മമ്മയേം ഒക്കെ കടിക്കാം..
ഉള്ളിയുടെ തൊലിയും കടിച്ചു മുറിക്കാം…

പല്ല് പുറത്ത് വന്നിട്ടിപ്പൊ രണ്ടാഴ്ച്ചയായി.. അതിന്റെ കുറച്ചു ദിവസം മുന്‍പ് എനിക്കു വയറിളക്കം പിടിച്ചു.. പനിയും വന്നു. അമ്മമ്മ അപ്പഴേ പറഞ്ഞു പല്ലു വരാന്‍ പോവുന്നു ..അതാ വയറിളക്കോം പനിയും വരണേന്ന്..

അച്ഛനുണ്ടോ സമ്മതിക്കുന്നു….അതൊക്കെ വെറുതെയാന്നാ അച്ഛന്‍ പറേണത്.
എന്നിട്ട് ഞങ്ങള്‍ ഡോക്ടറെ കണ്ടുട്ടോ.. അമ്മമ്മ ഡോക്ടറോടും പറഞ്ഞു പല്ലു വരുന്നതു കൊണ്ടാണ് പനിയെന്നു തോന്നുന്നൂന്ന്..

അപ്പൊ ഡോക്ടര്‍ പറയ്യാ, അതിലൊന്നും ഒരു സത്യോം ഇല്ലാന്ന്.
അമ്മമ്മ ചമ്മിയോന്നൊരു സംശയം…അച്ഛനപ്പഴേ പറഞ്ഞതല്ലേ.
സത്യം പറയാല്ലൊ..അച്ഛന് ഭയങ്കര ബുദ്ധിയാട്ടൊ.

എന്തായാലും രണ്ടു ദിവസം കഴിഞ്ഞപ്പൊ പല്ലു പുറത്തു കാണാന്‍ തുടങ്ങി.
അച്ഛനെ പക്ഷെ അവിടെങ്ങും കണ്ടില്ലാ..

അമ്മമ്മയ്ക്കു അതോടെ ഒരു ‘ഇതാ‘യി….എന്ത്?... അതെന്നെ.
അമ്മമ്മ തുടര്‍ന്നു…”ഒരോ പല്ലു വരുമ്പോഴും പനിയും വയറിള‍ക്കോം വരും”

കര്‍ട്ടന്റെ പിന്നില്‍ നിന്നും അച്ഛന്‍ ചോദിച്ചു..” അപ്പോ 32 പനിയും വയറിളക്കോം വരുവൊ?”

എന്തായാലും മൂന്നു ദിവസം കഴിഞ്ഞപ്പൊ രണ്ടാമത്തെ പല്ലും പുറത്തെത്തി…
പനിയും വന്നില്ല വയറിള‍ക്കോം വന്നില്ല…

പല്ലിനൊപ്പം അച്ഛനും പുറത്തെത്തി… അമ്മമ്മ അപ്രത്യക്ഷയായി.

ചന്തൂട്ടനു പല്ലു വരാന്‍ വേണ്ടി പ്രാര്‍ത്‍ഥിച്ച എല്ലാ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും ചന്തൂട്ടന്റെ ചക്കരയുമ്മ!

Friday, January 4, 2008

ചന്തൂട്ടനു പല്ലു വരുന്നില്ലല്ലോ ദൈവമേ!

അമ്മ ഇന്നും എന്റെ വായയില്‍ വിരലുകളിട്ടു തപ്പി നോക്കി... പല്ലു വരുന്നുണ്ടോന്ന്.

ഇന്നലെ അമ്മ എന്റെ വിശപ്പു മാറ്റുമ്പോള്‍ ഞാനൊരു കടി കൊടുത്തിരുന്നു. അമ്മേടെ കണ്ണില്‍ നിന്നും വെള്ളം വന്നു.
അച്ഛനും അമ്മയും എന്നോടെന്തൊക്കെയോ പറഞ്ഞു... ഞാന്‍ ചിരിച്ചു.

അപ്പൊ അമ്മമ്മ പറയ്യാ, എനിക്കു പല്ലു വരാന്‍ പോണുണ്ട്‌..അതോണ്ടാ ഞാനിങ്ങനെ കടിക്കുന്നേന്ന്..
എനിക്കു പിന്നെയും ചിരി വന്നു.

അതിന്റിടയ്ക്ക് അച്ഛന്‍ പറഞ്ഞു. “പല്ലില്ലാത്തപ്പൊ ഇങ്ങനെ, അപ്പൊ പല്ലു വന്നാ എന്തായിരിക്കും സ്ഥിതി?”

പല്ലൊന്നിങ്ങൊട്ടു വന്നൊട്ടെയച്ഛാ.. അപ്പൊ കാണിച്ചുതരാം.
എപ്പഴാ ദൈവങ്ങളേ ഇനി പല്ലു വരുന്നെ?

കുഞ്ഞോളുടെ മോള്‍ക്കു പല്ലു വന്നൂന്ന് അമ്മ പറേണ കേട്ടു.
എന്റെ ഇളയതാണ് പോലും അവള്‍.കുഞ്ഞോളാരാന്ന് എനിക്കറീലാട്ടൊ.

അപ്പൊ ആരോ പറയ്യ..പല്ലു വരാന്‍ വൈകുന്ന കുട്ട്യോള്‍ വേഗം നടക്കാന്‍ തുടങ്ങൂന്ന്...പുളു.. പുളു.. ബൂലോക പുളു.
അല്ലേലും എനിക്കു നടക്കണ്ട, പല്ലു വന്നാ മതി.

ചന്തൂട്ടനു പല്ലു വരുന്നില്ലല്ലൊ ദൈവമേ! ചേട്ടന്മാരെ ചേച്ചിമാരെ ഒന്നു പ്രാര്‍ത്ഥിക്ക്വോ ചന്തൂട്ടനു വേണ്ടി..പ്ലീസ്.

Sunday, December 30, 2007

ചന്തൂട്ടന്റെ ആദ്യത്തെ പുതുവര്‍ഷം; പുതുവത്സരാശംസകള്‍!

ചന്തൂട്ടനിതുവരെ ഒരു പുതുവര്‍ഷപ്പുലരി കണ്ടിട്ടില്ലാട്ടോ.
ചന്തൂട്ടന്‍ വരാന്‍ അല്‍പ്പം വൈകി.( ഒരു ദിവസം നേരത്തെ വന്നൂന്നാ അമ്മ പറേണെ).

ചേച്ചിമാരും ചേട്ടന്മാരും കുറെ പുതുവര്‍ഷങ്ങള്‍ കണ്ടിട്ടുണ്ടാവും‍..ല്ലെ?
എങ്ങിനെയാ പുതുവര്‍ഷം ആഘോഷിക്കാറ്.. ചിക്കന്‍ വാങ്ങിക്ക്വൊ?
കേക്ക് മുറിക്ക്വൊ?
ക്രിസ്തുമസ്സിനു ഞങ്ങളൊരു കേക്ക് മുറിച്ചിരുന്നുട്ടോ.

ഇവിടെ എന്താഘോഷം ഉണ്ടായാലും അച്ഛനു ചിക്കന്‍ വേണം.
എനിക്കു തരാറില്ലട്ടൊ..
രണ്ടു വയസ്സു കഴിഞ്ഞിട്ടെ നോണ്‍-വെജ്‌ തരൂന്നാ അമ്മ പറേണതു.

ഈ പുതുവര്‍ഷത്തിന് അച്ഛനും അമ്മയ്ക്കും അവധി ആയതുകൊണ്ട് രണ്ടു പേരും വീട്ടിലുണ്ടാവും. പുതുവര്‍ഷത്തില്‍, ആ സന്തോഷം മാത്രേയുള്ളൂ ഈ ചന്തൂട്ടന്.

ആ പിന്നെ ഒരു രഹസ്യം...
ഇന്നലെ രാത്രി അമ്മയും അച്ഛനും സംസാരിക്കുന്നതു കേട്ടതാ.
അവര്‍ക്കൊരു ന്യൂ ഇയര്‍ റെസൊല്യുഷന്‍ ഉണ്ടെന്ന്. ദിവസവും രാവിലെ അര മണിക്കൂര്‍ എക്സര്‍സൈസ് ചെയ്യൂന്ന്..
എന്തായാലും ഒരു കാര്യം എനിക്കറിയാം, ഇതു തന്നെയായിരിക്കും അടുത്ത വര്‍ഷവും അവരുടെ ന്യൂ ഇയര്‍ റെസൊല്യുഷന്‍.

അപ്പൊ നിങ്ങളു ചോദിയ്ക്കും ചന്തൂട്ടനു ന്യൂ ഇയര്‍ റെസൊല്യുഷന്‍ ഒന്നുമില്ലേന്ന്?
ചന്തൂട്ടനു ന്യൂ ഇയര്‍ റെസൊല്യുഷന്‍ ഒന്നൂല്ലട്ടോ.. പക്ഷെ ഒരാഗ്രഹംണ്ട്... അച്ഛനെപ്പോലെ പാതിവഴിക്കു നിര്‍ത്താതെ, ഇവിടെ ഇങ്ങിനെ എഴുതിക്കൊണ്ടിരിക്കണംന്ന്.. ഒരു പാടു കാലം..
ചന്തൂട്ടനു മീശ വരുന്നതു വരെയെങ്കിലും.

എന്റെ എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഈ കുഞ്ഞുവാവയുടെ സ്നേഹം നിറഞ്ഞ, സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍!

Wednesday, December 26, 2007

ചന്തൂട്ടനു വാക്കര്‍ പേടിയാ

ചേച്ചിമാരെ ചേട്ടന്മാരെ, ദേസിംഗു മാമന്‍ (നല്ല പേര്, അല്ലേ?) എനിക്കൊരു വാക്കര്‍ വാങ്ങിത്തന്നു. ഞാനാദ്യായിട്ടു കാണുവാട്ടൊ ഒരു വാക്കര്‍.

നിങ്ങക്കറിയോ, അതിന്റെ മേലെ എവിടെയൊക്ക്യോ ഞെക്കിയാല്‍ മ്യൂസിക്‌ വരും. കീത്തുച്ചേച്ചി ആ മ്യൂസിക്കിനു “കിങ്കല കിങ്കലാ“ന്നു പറയും.
പക്ഷെ, എനിക്കതിലിരിക്കന്‍ പേടിയാ.
അതിലിരുത്തിയാല്‍ ഞാന്‍ കരയും..
അപ്പൊ, അച്ഛന്‍ വന്നു മ്യൂസിക്‌ ബട്ടണ്‍ അമര്‍ത്തും..
കുറച്ചു നേരം ഞാന്‍ മ്യൂസിക്‌ കേട്ടു കരയാതിരിക്കും..
അച്ഛന്‍ ചെയ്യുന്ന പോലെ ആ കുന്ത്രാണ്ടം അമര്‍ത്തും.
ഞാന്‍ അമര്‍ത്തിയാല്‍ മാത്രം ഒരു മ്യൂസിക്കും വരില്ല..
അമ്മയും അമ്മമ്മയും അമര്‍ത്തിയാലും അതു “കിങ്കല കിങ്കലാ“ന്നു കരയാന്‍ തുടങ്ങും!
ബട്ടണ്‍ അമര്‍ത്തി കൈ വേദനിക്കുമ്പോള്‍ ഞാന്‍ പിന്നെയും കരയും.
അപ്പൊ, അമ്മ വരും..
എന്നെ വാക്കറില്‍ നിന്നും എടുക്കും..
ഞാന്‍ സന്തോഷിക്കും.. അമ്മ എടുക്കാന്‍ പോകുവാണല്ലോന്നു വിചാരിച്ചിട്ട്‌.
അപ്പൊ, അമ്മ പറയും, “മൂത്രൊന്നും ഒഴിച്ചിട്ടില്ലല്ലൊ നീ, പിന്നെന്തിനാ കരയുന്നേ“ന്ന്. ഉടനെ അമ്മ എന്നെ വീണ്ടും വാക്കറില്‍ വെച്ചു അടുക്കളേലേയ്ക്ക്‌ പോകും.

ഞാന്‍ പറേണ്ണ്ട്..എനിക്കു പേടിയാന്ന്..പക്ഷെ അവര്‍ക്കു മനസ്സിലാവണ്ടെ? ചേച്ചിമാരെ ചേട്ടന്മാരെ, നിങ്ങളൊന്നു പറയ്യൊ അവരോട്‌?

പ്ലീസ്‌..ചന്തൂട്ടനു വാക്കര്‍ പേടിയാ.