Sunday, December 30, 2007

ചന്തൂട്ടന്റെ ആദ്യത്തെ പുതുവര്‍ഷം; പുതുവത്സരാശംസകള്‍!

ചന്തൂട്ടനിതുവരെ ഒരു പുതുവര്‍ഷപ്പുലരി കണ്ടിട്ടില്ലാട്ടോ.
ചന്തൂട്ടന്‍ വരാന്‍ അല്‍പ്പം വൈകി.( ഒരു ദിവസം നേരത്തെ വന്നൂന്നാ അമ്മ പറേണെ).

ചേച്ചിമാരും ചേട്ടന്മാരും കുറെ പുതുവര്‍ഷങ്ങള്‍ കണ്ടിട്ടുണ്ടാവും‍..ല്ലെ?
എങ്ങിനെയാ പുതുവര്‍ഷം ആഘോഷിക്കാറ്.. ചിക്കന്‍ വാങ്ങിക്ക്വൊ?
കേക്ക് മുറിക്ക്വൊ?
ക്രിസ്തുമസ്സിനു ഞങ്ങളൊരു കേക്ക് മുറിച്ചിരുന്നുട്ടോ.

ഇവിടെ എന്താഘോഷം ഉണ്ടായാലും അച്ഛനു ചിക്കന്‍ വേണം.
എനിക്കു തരാറില്ലട്ടൊ..
രണ്ടു വയസ്സു കഴിഞ്ഞിട്ടെ നോണ്‍-വെജ്‌ തരൂന്നാ അമ്മ പറേണതു.

ഈ പുതുവര്‍ഷത്തിന് അച്ഛനും അമ്മയ്ക്കും അവധി ആയതുകൊണ്ട് രണ്ടു പേരും വീട്ടിലുണ്ടാവും. പുതുവര്‍ഷത്തില്‍, ആ സന്തോഷം മാത്രേയുള്ളൂ ഈ ചന്തൂട്ടന്.

ആ പിന്നെ ഒരു രഹസ്യം...
ഇന്നലെ രാത്രി അമ്മയും അച്ഛനും സംസാരിക്കുന്നതു കേട്ടതാ.
അവര്‍ക്കൊരു ന്യൂ ഇയര്‍ റെസൊല്യുഷന്‍ ഉണ്ടെന്ന്. ദിവസവും രാവിലെ അര മണിക്കൂര്‍ എക്സര്‍സൈസ് ചെയ്യൂന്ന്..
എന്തായാലും ഒരു കാര്യം എനിക്കറിയാം, ഇതു തന്നെയായിരിക്കും അടുത്ത വര്‍ഷവും അവരുടെ ന്യൂ ഇയര്‍ റെസൊല്യുഷന്‍.

അപ്പൊ നിങ്ങളു ചോദിയ്ക്കും ചന്തൂട്ടനു ന്യൂ ഇയര്‍ റെസൊല്യുഷന്‍ ഒന്നുമില്ലേന്ന്?
ചന്തൂട്ടനു ന്യൂ ഇയര്‍ റെസൊല്യുഷന്‍ ഒന്നൂല്ലട്ടോ.. പക്ഷെ ഒരാഗ്രഹംണ്ട്... അച്ഛനെപ്പോലെ പാതിവഴിക്കു നിര്‍ത്താതെ, ഇവിടെ ഇങ്ങിനെ എഴുതിക്കൊണ്ടിരിക്കണംന്ന്.. ഒരു പാടു കാലം..
ചന്തൂട്ടനു മീശ വരുന്നതു വരെയെങ്കിലും.

എന്റെ എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഈ കുഞ്ഞുവാവയുടെ സ്നേഹം നിറഞ്ഞ, സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍!

Wednesday, December 26, 2007

ചന്തൂട്ടനു വാക്കര്‍ പേടിയാ

ചേച്ചിമാരെ ചേട്ടന്മാരെ, ദേസിംഗു മാമന്‍ (നല്ല പേര്, അല്ലേ?) എനിക്കൊരു വാക്കര്‍ വാങ്ങിത്തന്നു. ഞാനാദ്യായിട്ടു കാണുവാട്ടൊ ഒരു വാക്കര്‍.

നിങ്ങക്കറിയോ, അതിന്റെ മേലെ എവിടെയൊക്ക്യോ ഞെക്കിയാല്‍ മ്യൂസിക്‌ വരും. കീത്തുച്ചേച്ചി ആ മ്യൂസിക്കിനു “കിങ്കല കിങ്കലാ“ന്നു പറയും.
പക്ഷെ, എനിക്കതിലിരിക്കന്‍ പേടിയാ.
അതിലിരുത്തിയാല്‍ ഞാന്‍ കരയും..
അപ്പൊ, അച്ഛന്‍ വന്നു മ്യൂസിക്‌ ബട്ടണ്‍ അമര്‍ത്തും..
കുറച്ചു നേരം ഞാന്‍ മ്യൂസിക്‌ കേട്ടു കരയാതിരിക്കും..
അച്ഛന്‍ ചെയ്യുന്ന പോലെ ആ കുന്ത്രാണ്ടം അമര്‍ത്തും.
ഞാന്‍ അമര്‍ത്തിയാല്‍ മാത്രം ഒരു മ്യൂസിക്കും വരില്ല..
അമ്മയും അമ്മമ്മയും അമര്‍ത്തിയാലും അതു “കിങ്കല കിങ്കലാ“ന്നു കരയാന്‍ തുടങ്ങും!
ബട്ടണ്‍ അമര്‍ത്തി കൈ വേദനിക്കുമ്പോള്‍ ഞാന്‍ പിന്നെയും കരയും.
അപ്പൊ, അമ്മ വരും..
എന്നെ വാക്കറില്‍ നിന്നും എടുക്കും..
ഞാന്‍ സന്തോഷിക്കും.. അമ്മ എടുക്കാന്‍ പോകുവാണല്ലോന്നു വിചാരിച്ചിട്ട്‌.
അപ്പൊ, അമ്മ പറയും, “മൂത്രൊന്നും ഒഴിച്ചിട്ടില്ലല്ലൊ നീ, പിന്നെന്തിനാ കരയുന്നേ“ന്ന്. ഉടനെ അമ്മ എന്നെ വീണ്ടും വാക്കറില്‍ വെച്ചു അടുക്കളേലേയ്ക്ക്‌ പോകും.

ഞാന്‍ പറേണ്ണ്ട്..എനിക്കു പേടിയാന്ന്..പക്ഷെ അവര്‍ക്കു മനസ്സിലാവണ്ടെ? ചേച്ചിമാരെ ചേട്ടന്മാരെ, നിങ്ങളൊന്നു പറയ്യൊ അവരോട്‌?

പ്ലീസ്‌..ചന്തൂട്ടനു വാക്കര്‍ പേടിയാ.

Tuesday, December 25, 2007

ഹാപ്പി ക്രിസ്തൂമസ്!

എല്ലാ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും എന്റെ ക്രിസ്തൂമസ് ആശംസകള്‍!

ഇന്ന് അച്ഛനും അമ്മയും ഓഫീസില്‍ പോയില്ല. അവധിയാ...
ഞാന്‍ അവരുടെ കൂടെ കളിക്ക്യാ..
എന്നും അവധിയായിരുന്നെങ്കില്‍ എന്തു രസായിരുന്നു. ദാ അച്ഛന്‍ വിളിക്കുന്നു .. ഞാന്‍ പോയി കളിക്കട്ടെ...

Monday, December 24, 2007

ചന്തൂട്ടന്റെ ബ്ലോഗ്

എന്റെ പേര് അദ്വൈത്. എല്ലാരും എന്നെ ചന്തൂന്ന് വിളിക്കും. അച്ഛന്‍ ചെലപ്പൊ ചന്തൂട്ടാന്നും വിളിക്കും. നിങ്ങളെല്ല്ലാരും എന്നെ ചന്തൂട്ടാന്നു വിളിച്ചാ മതി കേട്ടോ..എനിക്കതാ ഇഷ്ടം.

എന്റച്ഛന്‍ കുറുനരി. അമ്മ പൊന്‍വെയില്‍. രണ്ടു പേരും രാവിലെ തന്നെ ജോലിക്കു പോവും. പിന്നെ എനിക്കു കൂട്ട് അമ്മമ്മയാ. അമ്മ പക്ഷെ ഉച്ചയ്ക്ക് വീട്ടില്‍ വരുംട്ടൊ.. എന്റെ വിശപ്പു മാറ്റാന്‍.

ഞങ്ങളിപ്പോ എവിട്യാന്നറിയൊ? ബാംഗ്ലൂരില്..വൈറ്റ്ഫീല്‍ഡ്ന്ന് പറയും. എനിക്കിഷ്ടാ ബാംഗ്ലൂര്‍..നാട്ടില്‍ പോയാലാ എനിക്കു ബുദ്ധിമുട്ട്..എന്തൊരു ചൂടാ‍....

അയ്യോ അമ്മ വന്നൂന്നു തോന്നുന്നു. ബാക്കി വിശേഷങ്ങള്‍ നമുക്കു പിന്നെ പറയാട്ടൊ.
എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ചന്തൂട്ടന്റെ ചക്കരയുമ്മ!!